Month: ജൂലൈ 2021

തിരക്കിട്ട പ്രാര്‍ത്ഥന വേണ്ട

ഹവായിയന്‍ ജനത, ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനുമുമ്പ് അതിനു തയ്യാറെടുത്തുകൊണ്ട് തങ്ങളുടെ ക്ഷേത്രങ്ങള്‍ക്കു പുറത്ത് വളരെ സമയം ചിലവഴിക്കുന്നതിനെക്കുറിച്ച് ഒരു കഥ ആലീസ് കഹോളുസുന വിവരിക്കുന്നു. പ്രവേശിച്ചതിനുശേഷവും അവര്‍ പ്രാര്‍ത്ഥിക്കുന്നതിനായി ശ്രീകോവിലിലേക്ക് ഇഴഞ്ഞാണു ചെല്ലുന്നത്. അതിനുശേഷം, അവര്‍ തങ്ങളുടെ പ്രാര്‍ത്ഥനയിലേക്കു ''ജീവശ്വാസം  ഊതാന്‍'' വളരെ നേരം കാത്തിരിക്കും. മിഷനറിമാര്‍ ദ്വീപിലെത്തിയപ്പോള്‍, ഹവായിക്കാര്‍ക്ക് ചിലപ്പോഴൊക്കെ അവരുടെ പ്രാര്‍ത്ഥന വിചിത്രമായി തോന്നി. മിഷനറിമാര്‍ എഴുന്നേറ്റു നിന്നു കുറച്ചു വാചകം ഉച്ചരിക്കുകയും അതിനെ ''പ്രാര്‍ത്ഥന'' എന്ന് വിളിക്കുകയും ആമേന്‍ പറഞ്ഞവസാനിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രാര്‍ത്ഥനകളെ ''ജീവശ്വാസമില്ലാത്തവ'' എന്നാണ് ഹവായിക്കാര്‍ വിശേഷിപ്പിച്ചത്.

''മിണ്ടാതിരുന്ന് അറിയുവാന്‍'' (സങ്കീര്‍ത്തനം 46:10) ദൈവജനം എല്ലായ്പ്പോഴും അവസരം എടുക്കാതിരിക്കുന്നതിനെക്കുറിച്ചാണ് ആലീസ് പറഞ്ഞ കഥ സൂചിപ്പിക്കുന്നത്. തെറ്റിദ്ധരിക്കരുത് - നമ്മുടെ പ്രാര്‍ത്ഥനകള്‍ വേഗത്തിലായാലും സാവധാനത്തിലായാലും ദൈവം കേള്‍ക്കുന്നു. എന്നാല്‍ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ വേഗത നമ്മുടെ ഹൃദയത്തിന്റെ വേഗതയെ വെളിപ്പെടുത്തുന്നു. കൂടാതെ, നമ്മുടെ ജീവിതത്തോടു മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവിതത്തോടും സംസാരിക്കാന്‍ ദൈവത്തിനു ധാരാളം സമയം നാം അനുവദിക്കേണ്ടതുണ്ട്. തിരക്കിട്ട്, ആമേന്‍ പറഞ്ഞ്, അവസാനിപ്പിക്കുന്നതുകൊണ്ട് എത്രയോ ജീവദായക നിമിഷങ്ങളാണു നമുക്കു നഷ്ടമായിട്ടുള്ളത്?

മന്ദഗതിയിലുള്ള ആളുകളോടു മുതല്‍ മന്ദഗതിയിലുള്ള ട്രാഫിക്ക് വരെ എല്ലാ കാര്യങ്ങളിലും നാം പലപ്പോഴും അക്ഷമരാണ്. എന്നിരുന്നാലും, ദൈവം തന്റെ ദയയില്‍ പറയുന്നു, ''ശാന്തമായിരിക്കുക. നിശ്വസിക്കുകയും ഉച്ഛ്വസിക്കുകയും ചെയ്യുക,  പതുക്കെ പോകുക, ഞാന്‍ ദൈവമാണെന്ന് ഓര്‍ക്കുക, നിങ്ങളുടെ സങ്കേതവും ശക്തിയും കഷ്ടങ്ങളില്‍ എറ്റവും അടുത്ത തുണയും ആണെന്നോര്‍ക്കുക.'' അങ്ങനെ ചെയ്യുന്നതിലൂടെ ദൈവം ദൈവമാണെന്ന് അറിയുകയാണു നാം ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ദൈവത്തിലാശ്രയിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നാം ജീവിക്കുകയാണ്.